നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ.