നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.