നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: "ഓ മൂസാ, ഒരേതരം അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: അവന്‍ ഞങ്ങള്‍ക്ക് മണ്ണില്‍ മുളച്ചുണ്ടാകുന്ന ചീര, കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ഉത്പാദിപ്പിച്ചുതരട്ടെ." മൂസ ചോദിച്ചു: "വിശിഷ്ട വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ നിങ്ങള്‍ക്കവിടെ കിട്ടും." അങ്ങനെ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. അവര്‍ അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി കൊന്നതിനാലുമാണത്. ധിക്കാരം കാട്ടുകയും പരിധിവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്തതിനാലും.