മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുട്ടി തന്റേതാണെന്ന കാരണത്താല്‍ പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.