ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൌരവമുള്ളതാണ്. “ഫിത്ന" കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും.