നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.