ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്.