വിശ്വസിച്ചവരേ, വിശ്വാസിനികള്‍ അഭയം തേടി നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചു നോക്കുക. അവരുടെ വിശ്വാസവിശുദ്ധിയെ സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നു. അവര്‍ യഥാര്‍ഥ വിശ്വാസിനികളാണെന്ന് ബോധ്യമായാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്. ആ വിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. ആ സത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയരല്ല. അവര്‍ വ്യയം ചെയ്തത് നിങ്ങള്‍ അവര്‍ക്ക് മടക്കിക്കൊടുക്കുക. നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതിന് വിലക്കൊന്നുമില്ല- അവര്‍ക്ക് അവരുടെ വിവാഹമൂല്യം നല്‍കുകയാണെങ്കില്‍. സത്യനിഷേധിനികളുമായുള്ള വിവാഹബന്ധം നിങ്ങളും നിലനിര്‍ത്തരുത്. നിങ്ങളവര്‍ക്കു നല്‍കിയത് തിരിച്ചു ചോദിക്കുക. അവര്‍ ചെലവഴിച്ചതെന്തോ അതത്രയും അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.