തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.