സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവന്‍ ചെയ്തതിന്‍റെ ഭവിഷ്യത്ത് അവന്‍ അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തു പോയതിന് അല്ലാഹു മാപ്പുനല്‍കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്ന പക്ഷം അല്ലാഹു അവന്‍റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു.