യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.