നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീ പുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ- നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.