നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.