ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്.