സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.