(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.